Kerala
തിരുവനന്തപുരം: എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
"നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ'- മോഹൻലാൽ ആശംസിക്കുന്നു.
NRI
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന് എക്സിലൂടെ മോദി നന്ദി പറഞ്ഞു.
"75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി. നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു' - മോദി എക്സിൽ കുറിച്ചു.
മോദിയെ ഫോണിൽ വിളിച്ചതായി സ്ഥിരീകരിച്ച് ട്രംപും ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് പങ്കുവച്ചു. എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി. അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നു. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് അറിയിച്ചു.
National
ഗോഹട്ടി: രാജ്യത്തെ 140 കോടി ജനങ്ങളൊഴികെ ഒരു റിമോട്ട് കൺട്രോളും തനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ഇന്ത്യാ വിരുദ്ധ ശക്തികൾക്കൊപ്പം നിന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ആസാമിലെ ദരാംഗിലെ റാലിയിലാണ് മോദിയുടെ പ്രതികരണം.
കോൺഗ്രസ് നുഴഞ്ഞുകയറിയവരെ സഹായിക്കുകയാണ്. അതിർത്തി മേഖലകളിലെ ജനസംഖ്യാസ്ഥിതി നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് മാറ്റിമറിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാൻ അറിയാം. എന്നാൽ ഭൂപൻ ഹസാരികയെ പോലുള്ള മഹാൻമാരെ കോൺഗ്രസ് അപമാനിക്കുന്നത് സഹിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.
International
ടിയാൻജിൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച പൂർത്തിയായി. ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം ഊര്ജ രംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ അറിയിച്ചു. റഷ്യയുമായുള്ളത് ദീർഘകാല ബന്ധമാണെന്നും പുടിന്റെ സന്ദർശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും മോദി പറഞ്ഞു.
അതേസമയം, നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ റഷ്യ -ഇന്ത്യ ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും ഇന്നത്തെ കൂടിക്കാഴ്ചയോടെ ഇത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നും വ്യക്തമാക്കി.
ഉച്ചകോടിയുടെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ പരസ്പരം ആലിംഗനം ചെയ്താണ് ഇരു നേതാക്കളും അഭിവാദനം ചെയ്തത്. പിന്നീട് ഇരുവരും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അടുത്തെത്തി ഹ്രസ്വചർച്ച നടത്തി. ഉച്ചകോടിയുടെ ഫോട്ടോ സെഷനുശേഷം ഒരിക്കൽ കൂടി നേതാക്കൾ കണ്ടു. തുടർന്ന് ഒരേ കാറിലാണ് ഇരുവരും കൂടിക്കാഴ്ചയുടെ വേദിയിലെത്തിയത്. ഈ ചിത്രവും മോദി ട്വീറ്റ് ചെയ്തു.
International
ടിയാൻജിൻ: ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ ഷാംഗ്ഹായി സഹകരണ സംഘടന കൂട്ടമായി നേരിടണമെന്നും മോദി പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാംഗ്ഹായ് സഹകരണ കൗൺസിൽ (എസ്സിഒ) അംഗങ്ങളുടെ സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി തീവ്രവാദം തുടരുന്നുവെന്ന് പറഞ്ഞ അദ്ദേഹം അതിർത്തി കടന്നുള്ള ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ആഹ്വാനം ചെയ്തു.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഭാരം ഇന്ത്യ പേറുകയാണ്. അടുത്തിടെ, പഹൽഗാമിൽ തങ്ങൾ ഭീകരവാദത്തിന്റെ ഏറ്റവും മോശം വശം കണ്ടു. മാനുഷികതയിൽ വിശ്വസിക്കുന്ന ഏവർക്കുമെതിരായ ആക്രമണമാണ് പഹൽഗാമിൽ കണ്ടത്. ഈ ദുഃഖസമയത്ത് തങ്ങളോടൊപ്പം നിന്ന സുഹൃദ്രാജ്യങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു.
ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണായകമാണെന്നും മോദി പറഞ്ഞു.
അതേസമയം, ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിംഗും നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഫോട്ടോസെഷനു മുൻപായാണ് മൂന്നു നേതാക്കളും ചേർന്ന് ഹ്രസ്വചർച്ച നടത്തിയത്.
പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിൻപിംഗുമായും പുടിനുമായും കാഴ്ചപ്പാടുകൾ പങ്കുവച്ചെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പുടിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
അതേസമയം, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനും അവഗണിച്ചു. പാക് പ്രധാനമന്ത്രിക്ക് മുന്നിലൂടെയാണ് ഇരുവരും പോയത്. മോദി, ഷി, പുടിന് സംഭാഷണത്തിലും പാക് പ്രധാനമന്ത്രിയെ അവഗണിച്ചു.
International
ടോക്കിയോ: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയെ "പ്രതിഭകളുടെ ശക്തികേന്ദ്രം' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി "ഇന്ത്യയിൽ നിർമിക്കുക, ലോകത്തിനായി നിർമിക്കുക' എന്ന് ജപ്പാനിലെ വ്യവസായികളോട് ആഹ്വാനം ചെയ്തു. ലോകം ഇന്ത്യയെ വെറുതെ നോക്കുകയല്ല, മറിച്ച് ഇന്ത്യയെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
എഐ, സെമികണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബഹിരാകാശം എന്നിവയിൽ ഇന്ത്യ ധീരമായ ചുവടുകൾ വെച്ചുകഴിഞ്ഞു. ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ജപ്പാന്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാൻ കഴിയും. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ഈ മാറ്റത്തിന് കാരണം പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നീ സമീപനങ്ങളാണ്. പ്രതിരോധ, ബഹിരാകാശ മേഖലകൾക്ക് ശേഷം ഇന്ത്യ ആണവോർജ മേഖലയിലും സ്വകാര്യ മേഖലയിലെ നിക്ഷേപം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത കൈവരിച്ച രാഷ്ട്രമാണ് ഇന്ന് ഇന്ത്യ. നയങ്ങളിലെ സുതാര്യതയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ, ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശത്തിനാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. ഇവിടെ നിന്ന് ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി ഞായറാഴ്ച ചൈനയിലെത്തും.
Kerala
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിസ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒന്നാംസ്ഥാനം അലങ്കരിക്കുന്ന റെക്കോർഡ് ബുക്കിൽ ഇന്ദിരാഗാന്ധിയെ മറികടന്നാണു മോദി രണ്ടാമതെത്തിയത്.
1964 മുതൽ 1977 വരെയുള്ള കാലയളവിൽ ഇന്ദിര 4077 ദിവസം തുടർച്ചയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ചപ്പോൾ 2014 മേയ് 26ന് ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റ മോദി ഇന്നലെ ആ സ്ഥാനത്ത് തുടർച്ചയായി 4078 ദിവസങ്ങൾ പൂർത്തിയാക്കി.
തുടർച്ചയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുള്ളവരിൽ ഒന്നാംസ്ഥാനത്തുള്ള നെഹ് റു 1947 ഓഗസ്റ്റ് 15 മുതൽ 1964 മേയ് 27 വരെയുള്ള 16 വർഷങ്ങളും 286 ദിവസവുമാണ് തുടർച്ചയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ചത്.
1964 മുതൽ 1967 വരെയാണ് ഇന്ദിരയുടെ തുടർച്ചയായുള്ള കാലാവധിയെങ്കിലും 1980 ജനുവരി 14ന് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര 1984 ഒക്ടോബർ 31ന് കൊല്ലപ്പെടുന്നതുവരെ പ്രധാനമന്ത്രിയായിരുന്നു.
കഴിഞ്ഞവർഷം ജൂണിൽ പ്രധാനമന്ത്രിയായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട മോദി ഇതിനോടകം പല റെക്കോർഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജനിച്ച ഏക പ്രധാനമന്ത്രി, കോണ്ഗ്രസ് ഇതര പാർട്ടികളിൽനിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തി, രാജ്യത്തെ പ്രധാനമന്ത്രിമാരിലും മുഖ്യമന്ത്രിമാരിലുംവച്ച് തുടർച്ചയായി ആറു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച കക്ഷി നേതാവ് (ഗുജറാത്ത്-2002, 2007, 2012, ലോക്സഭ-2014, 2019, 2024) എന്നീ റെക്കോർഡുകൾ നിലവിൽ മോദിയുടെ പേരിലാണ്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി മോദി തന്റെ തുടർച്ചയായ 24-ാം വർഷത്തിലാണ് നിലവിൽ എത്തിനിൽക്കുന്നത്.
National
ന്യൂഡൽഹി: യുകെ, മാലദ്വീപ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു. ശനിയാഴ്ചവരെയാണു സന്ദർശനം. യുകെയും മാലദ്വീപുമായും വിവിധ വ്യാപാര-പ്രതിരോധകരാറുകളിൽ ധാരണയാകും.
യുകെയിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിള്ള വ്യാപാര കരാർ ഒപ്പുവയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ചാൾസ് രാജാവ് എന്നിവരെയുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ നാലാമത്തെ യുകെ സന്ദർശനമാണിത്.
ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥൻ റെയ്നോൾഡ്സും സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പുവയ്ക്കും. റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനെതിരേയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുകളിൽ ഇന്ത്യയുടെ അതൃപ്തി അറിയിക്കും.
സന്ദർശനവുമായി ബന്ധപ്പെട്ട് യുകെയിൽ പ്രധാനമന്ത്രിക്കു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന സൂചനകളെത്തുടർന്നാണിത്.
യുകെ സന്ദർശനം പൂർത്തിയാക്കിയതിനു ശേഷം പ്രധാനമന്ത്രി മാലദ്വീപിലേക്ക് പോകും. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സുവിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ മാലദ്വീപ് സന്ദർശനം. മാലദ്വീപിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായിരിക്കും പ്രധാനമന്ത്രി.
International
ബുവനോസ് ഏരിസ്: പഞ്ചരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ അർജന്റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യൻ സമൂഹം ഹാർദമായി സ്വീകരിച്ചു. എസേസ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ നൃത്തവിരുന്നോടെയാണ് ഇന്ത്യൻ സമൂഹം വരവേറ്റത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് മോദി അർജന്റീനയിലെത്തിയത്.
അതിർത്തികൾ തമ്മിലുള്ള അകലം സംസ്കാരങ്ങൾ ഇടകലരുന്നതിനു തടസമാവില്ലെന്നും ഇന്ത്യയുടെ ആത്മാശം ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ വിളങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മോദി എക്സിൽ കുറിച്ചു.
അർജന്റൈൻ പ്രസിഡന്റ് ഹാബിയർ മിലേയുടെ ക്ഷണപ്രകാരമാണ് മോദി രാജ്യം സന്ദർശിക്കുന്നത്. ജ20 ഉച്ചകോടിയുടെ ഭാഗമായി 2018ന് മോദി അർജന്റീനയിലെത്തിയിരുന്നു. 57 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ-അർജന്റീന ഉഭയകക്ഷി ചർച്ച നടക്കുന്നതെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കൃഷി, ധാതുഖനനം, ഊർജം, വ്യാപാരം, വിനോദസഞ്ചാരം, സാങ്കേതിവിദ്യ, മൂലധനനിക്ഷേപം എന്നീ മേഖലകളെക്കുറിച്ച് അർജന്റൈൻ പ്രസിഡന്റുമായി മോദി ചർച്ച നടത്തുമെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അമേരിക്ക ആഗോളരാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പരസ്പരതീരുവകളുടെ മരവിപ്പിക്കൽ ഈ മാസം ഒന്പതിന് അവസാനിക്കാനിരിക്കേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യങ്ങളോട് കേന്ദ്രം വഴങ്ങുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ട്രംപ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ചിട്ടുള്ള 26 ശതമാനം പരസ്പരതീരുവ ഒഴിവാക്കാനായി അമേരിക്കയുമായി കേന്ദ്രത്തിന്റെ വ്യാപാര ചർച്ചകൾ പുരോഗമിക്കുന്പോഴാണ് രാഹുലിന്റെ പ്രസ്താവന. അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ചകളിൽ ഇന്ത്യ സമയപരിധിയേക്കാൾ രാജ്യതാത്പര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയടങ്ങുന്ന വാർത്താശകലം എക്സിൽ പങ്കുവച്ചായിരുന്നു രാഹുൽ പ്രതികരിച്ചത്.
ട്രംപിന്റെ താരിഫ് സമയപരിധിക്കുമുന്നിൽ മോദി സൗമ്യമായി വഴങ്ങുമെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് രാഹുൽ എക്സിൽ കുറിച്ചത്.
അമേരിക്കയുമായി നടത്തുന്ന ഇടക്കാല വ്യാപാര കരാർ ചർച്ചകളിൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിളകൾക്കും പശുവിൻപാലിനും തീരുവ കുറക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ അത്തരമൊരു നീക്കം ഇന്ത്യയിലെ കർഷകരെ ബാധിക്കുമെന്നതിനാൽ ഇന്ത്യ ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല.
ശക്തമായ നിലയിൽനിന്നുകൊണ്ടാണു ഞങ്ങൾ ചർച്ചകൾ നടത്തുന്നതെന്നും സമയപരിധിക്കു കീഴിലല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതികരിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ താത്പര്യങ്ങൾ പരിഗണിക്കാതെ കരാറുകളിൽ ഒപ്പിട്ടിരുന്നുവെന്നും പിയൂഷ് ഗോയൽ ആരോപിച്ചു.
NRI
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
International
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ അട്ടിമറിക്കുക മാത്രമല്ല, ജുഡീഷൽ സംവിധാനത്തെയും നോക്കുകുത്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ജനങ്ങൾ ജനാധിപത്യത്തെ പിന്നോട്ട് പോകാൻ അനുവദിച്ചില്ല, അവസാനം ജനങ്ങൾ തന്നെയാണ് ജയിച്ചതെന്നും അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
"അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തുക മാത്രമല്ല, നീതിന്യായ വ്യവസ്ഥയെ കീഴ്പ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സമയത്ത്, ആളുകൾ വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടു. മറക്കാൻ കഴിയാത്ത അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്.'- അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികമായ ജൂൺ 25 സർക്കാർ 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിച്ചതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പരാമർശം. അടിയന്തരാവസ്ഥയ്ക്കെതിരേ ധൈര്യത്തോടെ പോരാടിയ എല്ലാവരെയും രാജ്യം എപ്പോഴും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രിമാരായ മൊറാർജി ദേശായി, അടൽ ബിഹാരി വാജ്പേയ്, മുൻ ഉപപ്രധാനമന്ത്രി ജഗ്ജിവൻ റാം എന്നിവരുടെ സംഭാഷണവും അദ്ദേഹം കേൾപ്പിച്ചു.
"ആ കാലയളവിൽ അറസ്റ്റിലായ ആയിരക്കണക്കിന് ആളുകൾ ഇത്തരം മനുഷ്യത്വരഹിതമായ അതിക്രമങ്ങൾക്ക് വിധേയരായി. പക്ഷേ അത് ഇന്ത്യയിലെ ജനങ്ങളുടെ ശക്തിയാണ്... അവർ വഴങ്ങിയില്ല, തകർന്നില്ല, ജനാധിപത്യവുമായി ഒരു വിട്ടുവീഴ്ചയും സ്വീകരിച്ചില്ല. ഒടുവിൽ, ജനങ്ങൾ വിജയിച്ചു: അടിയന്തരാവസ്ഥ പിൻവലിച്ചു, അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ പരാജയപ്പെട്ടു.'- പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ, അന്താരാഷ്ട്ര യോഗദിനം, കൈലാസ് മാനസരോവര യാത്ര, പുരി രഥയാത്ര തുടങ്ങിയവയും പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
International
ന്യൂഡൽഹി: ഇന്ത്യ-പാക് തർക്കത്തിൽ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ട്രംപിനെ അറിയിച്ചു. പാക്കിസ്ഥാന് ചുട്ടമറുപടി നൽകിയതായി പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. മോദി, ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഇരുവരും 35മിനിട്ടോളം സംസാരിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് ട്രംപും മോദിയും സംസാരിക്കുന്നത്.
International
കാൽഗറി: കാനഡയിൽ നടക്കുന്ന 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ കാൽഗറിയിലെത്തി. സൈപ്രസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി, സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി വിപുലമായ ചർച്ചകൾ നടത്തിയശേഷമാണു കാനഡയിലെത്തിയത്.
സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന നാല് ദിവസത്തെ പര്യടനത്തിലാണു മോദി. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷമുള്ള മോദിയുടെ ആദ്യ ബഹുമുഖ സന്ദർശനമാണിത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും ജി 7 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന ജി7 ഔട്ട്റീച്ച് ഉച്ചകോടിയിൽ മൂന്ന് കേന്ദ്ര വിഷയങ്ങൾ ചർച്ച ചെയ്യും. ലോകമെമ്പാടുമുള്ള നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കുക, ഊർജ സുരക്ഷ കെട്ടിപ്പടുക്കുകയും ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുക, ഭാവിയിലെ പങ്കാളിത്തങ്ങൾ സുരക്ഷിതമാക്കുക എന്നിവയാണു വിഷയങ്ങൾ.